കൊച്ചി: ന്യൂനപക്ഷ പദ്ധതികളുടെ വിനിമയത്തിലും വിതരണത്തിലും ക്രൈസ്തവസമൂഹം നേരിടുന്ന അവഗണനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും പരിഹാരമായി ക്രൈസ്തവർക്ക് മൈക്രോ മൈനോറിറ്റി പദവി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ്.
കേന്ദ്രമന്ത്രി കിരൺ റിജിജു, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനു നൽകിയ വാഗ്ദാനം പ്രതീക്ഷാനിർഭരമാണ്. എത്രയും വേഗം ഇതു നടപ്പാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രസർക്കാരിനും കത്തോലിക്ക കോൺഗ്രസ് 2025 ഡിസംബറിൽ നിവേദനം നൽകിയിരുന്നു.
ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസ, പ്രാർഥനാ രീതികൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സാംസ്കാരിക - വിശ്വാസത്തനിമ സംരക്ഷിക്കാൻ മൈക്രോ മൈനോറിറ്റി പദവി അനിവാര്യമാണെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.